‘നേമത്ത് ആര് തോല്‍ക്കണമെന്ന് സിപിഐഎമ്മിനും കോണ്‍ഗ്രസിനും നല്ല ധാരണയുണ്ടായിരുന്നു’; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: താന്‍ മത്സിച്ച നേമത്ത് സിപിഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടായിരുന്നെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. നേമത്തു ആര് ജയിക്കണമെന്നല്ല ആര് തോല്‍ക്കണമെന്ന കാര്യത്തില്‍ എല്‍ഡിഎഫിനും കോണ്‍ഗ്രസിനും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ച് ന്യൂനപക്ഷ വിഭാഗത്തിലുള്ള കോണ്‍ഗ്രസിന്റെ വോട്ട് എല്‍ഡിഎഫിന് മറിച്ചു കൊടുത്താണ് കോണ്‍ഗ്രസ് ബിജെപിയെ തോല്‍പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് വോട്ട് കൂടുതല്‍ പിടിച്ചത് കൊണ്ടാണ് നേമത്തു ബിജെപി പരാജയപ്പെട്ടതെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പ്രസ്താവന വളരെ വിചിത്രമാണെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.

‘തങ്ങള്‍ തോറ്റാലും വേണ്ടില്ല എല്‍ഡിഎഫിനെ വിജയിപ്പിച്ചിട്ടാണെങ്കിലും ബി.ജെ.പിയെ പരാജയപെടുത്തണമെന്ന കോണ്‍ഗ്രസിന്റെ നിഷേധ രാഷ്ട്രീയം അവരുടെ തന്നെ വിനാശത്തിനിടയാക്കി. നേമത്തു ബിജെപി പരാജയപ്പെട്ടത് കോണ്‍ഗ്രസ് കൂടുതല്‍ വോട്ട് പിടിച്ചത് കൊണ്ടാണെന്ന മുരളീധരന്റെ അവകാശവാദം ശരിയാണെങ്കില്‍ സിപിഐഎം വിജയിച്ചതിന്റെ ഉത്തരവാദിത്വം കൂടി അദ്ദേഹം ഏറ്റെടുക്കണം’, കുമ്മനം പറയുന്നു.

കേരളത്തിലുടനീളം ബിജെപിയെ തോല്‍പിക്കാന്‍ പരസ്പര ധാരണയും ആസൂത്രണവും എല്‍ഡിഎഫും യുഡിഎഫും തമ്മിലുണ്ടായിരുന്നുവെന്ന് മുരളീധരന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുമ്മനം രാജശേഖരന്റെ ഫേ്‌സബുക്ക് പോസ്റ്റ് പൂര്‍ണ രൂപം:

കോണ്‍ഗ്രസ് വോട്ട് കൂടുതല്‍ പിടിച്ചത് കൊണ്ടാണ് നേമത്തു ബി.ജെ.പി പരാജയപ്പെട്ടതെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പ്രസ്താവന വളരെ വിചിത്രമായിരിക്കുന്നു.

2019 -ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേമത്തു കോണ്‍ഗ്രസിന് ലഭിച്ച 46,472 വോട്ട് (32.8%) ഈ അസംബ്ലി തെരഞ്ഞെടുപ്പില്‍ 36,524 (25%) ആയി കുറഞ്ഞത് എങ്ങനെയെന്ന് മുരളീധരന്‍ വ്യക്തമാക്കണം.

2021 -ല്‍ കോണ്‍ഗ്രസ് വോട്ട് എല്‍.ഡി.എഫിനു പോയത് കൊണ്ടാണ് 33,921 (24%) വോട്ടില്‍ നിന്നും 55,837(38.2%) ആയി എല്‍.ഡി.എഫിനു ഉയര്‍ത്താന്‍ കഴിഞ്ഞത്.

നേമത്തു ആര് ജയിക്കണമെന്നല്ല ആര് തോല്‍ക്കണമെന്ന കാര്യത്തില്‍ എല്‍.ഡി.എഫിനും കോണ്‍ഗ്രസിനും വ്യക്തമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ച് ന്യൂനപക്ഷ വിഭാഗത്തിലുള്ള കോണ്‍ഗ്രസിന്റെ വോട്ട് എല്‍.ഡി.എഫിന് മറിച്ചു കൊടുത്താണ് കോണ്‍ഗ്രസ് ബി.ജെ.പിയെ തോല്‍പിച്ചത്.

തങ്ങള്‍ തോറ്റാലും വേണ്ടില്ല എല്‍.ഡി.എഫിനെ വിജയിപ്പിച്ചിട്ടാണെങ്കിലും ബി.ജെ.പിയെ പരാജയപെടുത്തണമെന്ന കോണ്‍ഗ്രസിന്റെ നിഷേധ രാഷ്ട്രീയം അവരുടെ തന്നെ വിനാശത്തിനിടയാക്കി. നേമത്തു ബി.ജെ.പി പരാജയപ്പെട്ടത് കോണ്‍ഗ്രസ് കൂടുതല്‍ വോട്ട് പിടിച്ചത് കൊണ്ടാണെന്ന മുരളീധരന്റെ അവകാശവാദം ശരിയാണെങ്കില്‍ സി.പി.എം വിജയിച്ചതിന്റെ ഉത്തരവാദിത്വം കൂടി അദ്ദേഹം ഏറ്റെടുക്കണം.

കേരളത്തിലുടനീളം ബി.ജെ.പിയെ തോല്‍പിക്കാന്‍ പരസ്പര ധാരണയും ആസൂത്രണവും എല്‍.ഡി.എഫും, യു.ഡി.എഫും തമ്മിലുണ്ടായിരുന്നുവെന്നു മുരളീധരന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു.