കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചതിന് റേപ് ജോക്ക്; ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പരാതി നല്‍കി രേഖ

തിരുവനന്തപുരം: കൊവിഡ് രോഗിയെ സ്‌കൂട്ടറില്‍ ആശുപത്രില്‍ കൊണ്ടുപോയ സംഭവത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സംഘ്പരിവാര്‍ അനുകൂല നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തക രേഖ പി മോള്‍. രണ്ട് പീസ് ബ്രഡിനിടയില്‍ ജാം തേച്ചതുപോലെ എന്നുതുടങ്ങി രൂക്ഷ പരിഹാസമായിരുന്നു ശ്രീജിത്ത് പണിക്കര്‍ നടത്തിയത്. സന്നദ്ധപ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ ആലപ്പുഴ ഭഗവതിക്കല്ല് യൂണിറ്റ് അംഗങ്ങളുമായ രേഖയും അശ്വിന്‍ കുഞ്ഞുമോനുമായിരുന്നു കഴിഞ്ഞ ദിവസം അത്യാസന്ന നിലയിലായ കൊവിഡ് രോഗിയെ സ്‌കൂട്ടറിലിരുത്തി ആശുപത്രിയിലെത്തിച്ചത്.

‘എസി റൂമിലിരുന്ന് എന്തും വിളിച്ചുപറയാന്‍ എളുപ്പമാണ്. റിസ്‌കെടുത്താണ് ഞങ്ങള്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്ന ഓരോ സ്ത്രീകളെയും അപമാനിക്കുന്ന പരാമര്‍ശനമാണ് ശ്രീജിത്ത് പണിക്കര്‍ നടത്തിയത്. ഞങ്ങളുടേത് നാട്ടിന്‍ പ്രദേശമാണ്. ഞങ്ങളെ ലവിശ്വസിച്ചാണ് വീട്ടിലെ കുട്ടികളെ രക്ഷിതാക്കള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് പറഞ്ഞയക്കുന്നത്. നാളെ തങ്ങളുടെ കുട്ടികളെക്കുറിച്ചും ഇങ്ങനെ പറയുമോ എന്ന വേവലാതി അവര്‍ക്കുണ്ടാവും’, രേഖ പറഞ്ഞതായി മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

മഹാമാരിയുടെ സമയത്ത് ഇറങ്ങിപ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ മനോവീര്യത്തെ തകര്‍ക്കുന്ന പരാമര്‍ശമാണ് ശ്രീജിത്ത് പണിക്കര്‍ നടത്തിയത്. അതുകൊണ്ടാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും രേഖ വ്യക്തമാക്കി.

പത്തുമിനുട്ട് ആംബുലന്‍സിന് കാത്തുനിന്നാല്‍ രോഗിയുടെ ജീവന്‍ നഷ്ടപ്പെട്ടേക്കുമെന്ന ഭയമാണ് ഞങ്ങളെ അത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. ബൈക്കില്‍ മരണാസന്നനായ രോഗിയെ കൊണ്ടുപോയതിനെ ബ്രഡ്ഡിലെ ജാം എന്നൊക്കെ എങ്ങനെയാണ് ഒരു മനുഷ്യന് ഉപമിക്കാന്‍ കഴിയുകയെന്നും രേഖ ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് പുന്നപ്രയിലെ കൊവിഡ് രോഗികളെ താമസിപ്പിക്കുന്ന ഡിസിസി സെന്ററില്‍നിന്നും അത്യാസന്ന നിലയിലായിരുന്ന രോഗിയെ രേഖയും അശ്വിനും ചേര്‍ന്ന് സ്‌കൂട്ടറില്‍ ആശുപത്രിയിലെത്തിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചപ്പോഴായിരുന്നു റേപ് ജോക്ക് അടങ്ങിയ ശ്രീജിത്ത് പണിക്കരുടെ പരാമര്‍ശം. തുടര്‍ന്ന് ശ്രീജിത്ത് പണിക്കര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. ഇനി ശ്രീജിത്ത് പണിക്കരുള്ള പാനലില്‍ ചര്‍ച്ചയ്ക്ക് ഇരിക്കില്ലെന്ന് പല പ്രമുഖരും വ്യക്തമാക്കിക്കഴിഞ്ഞു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക് പോസ്റ്റ്

ആംബുലന്‍സ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ചുമതലയിലുള്ള ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും ബൈക്കില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചെന്ന വാര്‍ത്ത കണ്ടു.

സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലന്‍സിനു പിന്നില്‍ ഉള്ളത്.

[1] ആംബുലന്‍സ് അടച്ചിട്ട വാഹനമാണ്. അതില്‍ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാല്‍ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമം ഉള്ളപ്പോള്‍. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്സിജന്‍ വലിച്ചു കയറ്റാം.

[2] നിലവിളിശബ്ദം ഇട്ടാലും ആംബുലന്‍സ് ആയാല്‍ മാര്‍ഗ്ഗമധ്യേ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയില്‍ എത്തും.

[3] ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയില്‍ ജാം തേച്ചത് സങ്കല്പിക്കുക.

[4] വര്‍ധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതല്‍ ലാഭകരം. മെയിന്റനന്‍സ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതല്‍ വാഹന ലഭ്യത. പാര്‍ക്കിങ് സൗകര്യം. എമര്‍ജന്‍സി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.

[5] ഏറ്റവും പ്രധാനം. ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.

ബഹുമാനിക്കാന്‍ പഠിക്കെടോ.

(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്സൂള്‍)